ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1962-ലാണ്  ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. 129.69 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ചുങ്കത്തറ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, മൂപ്പൈനാട്(വയനാട് ജില്ല) പഞ്ചായത്തും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, എടക്കര, വഴിക്കടവ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലിയാര്‍, പോത്തുകല്ല്, ഊര്‍ങ്ങാട്ടിരി, കൂടരഞ്ഞി (കോഴിക്കോട് ജില്ല) പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, തിരുവമ്പാടി പഞ്ചാത്തുകളും, വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തുമാണ്. ചുങ്കത്തറ ഗ്രാമപഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 44,569 ആണ്. അതില്‍ 22,474 പേര്‍ സ്ത്രീകളും, 22095 പേര്‍ പുരുഷന്മാരുമാണ്. ഈ പഞ്ചായത്തിന്റെ സാക്ഷരതാനിരക്ക് 88 ശതമാനം എന്നത് അഭിമാനാര്‍ഹമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിലാണ് ചുങ്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെല്ല്, നാളികേരം, റബ്ബര്‍, അടയ്ക്ക എന്നിവ ഈ പഞ്ചായത്തിലെ പ്രധാന കൃഷിവിളകളാണ്. കേരളത്തിലെ പ്രധാനപ്പെട്ട പുഴകളില്‍ ഒന്നായ ചാലിയാര്‍ പുഴയും, പുന്നപുഴ, പാണ്ടിപുഴ തുടങ്ങിയവയും ഈ പഞ്ചായത്തിലൂടെ ഒഴുകുന്നു. 90 കുളങ്ങള്‍ ചുങ്കത്തറ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. 80 പൊതുകിണറുകളും, 107 പൊതുകുടിവെള്ള ടാപ്പുകളും ഈ പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. ജലസേചനപദ്ധതിയുടെ കീഴില്‍ മണലി ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍, കൊട്ടേപാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ തുടങ്ങി 8-ഓളം കനാലുകള്‍ ചുങ്കത്തറ പഞ്ചായത്തിലുണ്ട്. കുറത്തിമല, അണ്ടിക്കുന്ന്, പെരുമ്പൊയില്‍ കുന്ന് എന്നിവ ഈ പഞ്ചായത്തിലെ പ്രധാന കുന്നുകളാണ്. ചുങ്കത്തറ പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയില്‍ 10 ശതമാനം വനപ്രദേശമാണ്. 350 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്  പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ  കോഴിക്കോട് കരിപ്പൂര്‍  വിമാനത്താവളത്തെയാണ്. നിലമ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനാണ്  പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ പൊന്നാനി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ചുങ്കത്തറ പഞ്ചായത്ത് ബസ് സ്റ്റാന്റ് ആണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം. സി.എന്‍.ജി റോഡാണ് ഈ പഞ്ചായത്തിലെ പ്രധാന റോഡ്. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍ഏകദേശം മുപ്പത് വര്‍ഷത്തോളം നീണ്ട അപേക്ഷകള്‍ കൊണ്ടും ധാരാളം സമരങ്ങള്‍ കൊണ്ടും സത്യാഗ്രഹങ്ങള്‍ കൊണ്ടും നേടിയെടുത്ത കൈപ്പിനി പാലമാണ് ഈ പഞ്ചായത്തിലെ പ്രധാന പാലം. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ല എങ്കിലും കുംഭാരന്‍മാര്‍ ചെയ്തുവരുന്ന മണ്‍പാത്ര നിര്‍മ്മാണം, കുട്ട, മുറം, ചൂരല്‍ എന്നീ വിവിധയിനം ചെറുകിട വ്യവസായ യൂണിറ്റുകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി  പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍  18 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു മാവേലി സ്റ്റോറും പഞ്ചായത്തിലെ പൊതുവിതരണരംഗത്തെ മറ്റു സംവിധാനമാണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ് ചുങ്കത്തറ, എരുമമുണ്ട് എന്നീ സ്ഥലങ്ങള്‍. ചുങ്കത്തറയില്‍ പഞ്ചായത്ത് വക ഒരു ഷോപ്പിംഗ് കോംപ്ളക്സും മാര്‍ക്കറ്റും സ്ഥിതി ചെയ്യുന്നു. നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. നെടുമ്പഴാഴി ക്ഷേത്രം, കുന്നത്ത് ക്ഷേത്രം, ശാലോം മാര്‍ത്തോമാ ചര്‍ച്ച്, കുട്ടപ്പാടി എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, മസ്ജിദുല്‍ ഹുദ, മസ്ജിദുല്‍ മുജാഹിദിന്‍ തുടങ്ങി നിരവധി ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ളാം ആരാധനാലായങ്ങള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി നിലകൊള്ളുന്നു. മണ്ണാത്തി ശിവക്ഷേത്രഉത്സവം, കുറത്തി ദേവി അമ്പല ഉത്സവം, തലഞ്ഞി സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് പെരുന്നാള്‍ എന്നീ വിവിധ ആഘോഷങ്ങള്‍ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സഖാവ് കുഞ്ഞികൃഷ്ണന്‍, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായിരുന്ന കെ.പി.മാസ്റ്റര്‍ എന്നിവര്‍ പഞ്ചായത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളാണ്കെ.പി. മാസ്റ്ററുടെ സ്മാരകമായിട്ടാണ് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാള്‍ നിലനില്ക്കുന്നത്. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്കൂളിന്റെ സ്ഥാപകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അപ്പു മുതലാളി പഞ്ചായത്തിന്റെ സാമൂഹ്യസാംസ്കാരിക മേഖലയെ പുഷ്ടിപ്പെടുത്തിയയാളാണ്. പ്രശസ്ത നാടക രചയിതാവും, തുടര്‍ച്ചയായി 22 വര്‍ഷം പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ച വര്‍ക്കി മരുതനാംകുഴി, മികച്ച കര്‍ഷകനുള്ള കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ആവിയില്‍ ജോസഫ്, യുവകര്‍ഷക അവാര്‍ഡ് ജേതാവ്  വിവേകാനന്ദ്, മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ജേതാവ് ലൂക്കോ എന്നിവര്‍ പഞ്ചായത്തിന്റെ അഭിമാനങ്ങളാണ്. ജിജോ, ദീപ്തി, ജ്വാല, ലൈവ് തുടങ്ങിയ സ്പോര്‍ട്ട്സ് & ആര്‍ട്സ് ക്ളബ്, ജനശാക്തീകരണം പഠനകേന്ദ്രം, വൈ.എം.സി.എ ചുങ്കത്തറ, ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം, യങ്ങ്മെന്‍സ് ലൈബ്രറി ചുങ്കത്തറ തുടങ്ങിയവ ഈ പഞ്ചായത്തിലെ പ്രധാന കലാ-കായിക-സാംസ്കാരിക സ്ഥാപനങ്ങളാണ്. ആരോഗ്യ പരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ചുങ്കത്തറ ജനത ഹോസ്പിറ്റല്‍, മാര്‍ത്തോമ്മാ മിഷന്‍ ഹോസ്പിറ്റല്‍, സാന്‍ജോസ് ഡെന്റല്‍ ക്ളിനിക്ക്, ശാഫി മര്‍മ്മ ചികിത്സാലയം, ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി, ഗവ. ഹോമിയോ ഡിസ്പെന്‍സറി എരുമമുണ്ട്, അല്‍ഷറാഫ് ഹോമിയോ ക്ലിനിക്ക് എന്നിവ ഈ പഞ്ചായത്തിലെ പ്രധാന ആശുപത്രികളാണ്. ഈ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം ചുങ്കത്തറയിലും, കുറുമ്പലങ്ങോടും പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ആരോഗ്യസംരക്ഷണ മേഖലയില്‍ സജീവ സാന്നിദ്ധ്യമായി കോട്ടോപ്പാടം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ നിലകൊള്ളുന്നു. മാര്‍ത്തോമ്മാ ഹോസ്പിറ്റല്‍, ഏകല്‍ വിദ്യാലയ മൂവ്മെന്റ്, പുള്ളിയില്‍ കരീം ഹാജി മെമ്മോറിയല്‍ തുടങ്ങിയവയില്‍ നിന്നാണ് ഈ പഞ്ചായത്തിന് ആംബുലന്‍സ് സേവനം ലഭിക്കുന്നത്. മണലിയിലാണ് ഈ പഞ്ചായത്തിലെ വെറ്റിനറി ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്വകാര്യമേഖലയില്‍ 6 സ്കൂളുകളും, ചുങ്കത്തറ മാര്‍ത്തോമാ കോളേജ്, നവോദയ കോളേജ് തുടങ്ങിയ സ്വകാര്യ കോളേജുകളും, ഒരു ടെക്നിക്കല്‍ സ്കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ മേഖലയില്‍ 4 എല്‍.പി സ്കൂളും മൂന്ന് യു.പി സ്കൂളും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അനാഥരായ കുട്ടികളെ എടുത്ത് വളര്‍ത്തി അവര്‍ക്ക് വേണ്ട ഭക്ഷണവും വിദ്യാഭ്യാസവും താമസസൌകര്യവും നല്‍കുന്ന ചുങ്കത്തറയിലെ ഏക സാമൂഹ്യസ്ഥാപനം കരിസ്മാറ്റിക് ഫുള്‍ഗോസ്പല്‍ ചര്‍ച്ചിനുകീഴിലുള്ള സ്ഥാപനമായ സ്നേഹഭവന്‍ ആണ്. സ്വകാര്യബാങ്കായ ചുങ്കത്തറ കാത്തലിക് സിറിയന്‍ ബാങ്കും, സഹകരണ ബാങ്കുകളായ കോ-ഓപ്പറേറ്റീവ് ബാങ്ക് ചുങ്കത്തറ, നിലമ്പൂര്‍ കോ-ഓപ്പറേറ്റീവ്  അര്‍ബന്‍ ബാങ്ക് (ബ്രാഞ്ച്), വനിതാസഹകരണ ബാങ്ക്, ദേശാസാല്‍കൃത ബാങ്കായ സൌത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് എന്നിവ ഈ പഞ്ചായത്തിലെ പ്രധാന ധനകാര്യസ്ഥാപനങ്ങളാണ്. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് സാംസ്കാരികനിലയം, യങ്ങ്മെന്‍സ് ലൈബ്രറി തുടങ്ങിയവ ഈ പഞ്ചായത്തിലെ പ്രധാന വായനശാലകളാണ്. പഞ്ചായത്തിലെ പൊതുപരിപാടികളും വിവാഹവും മറ്റും നടത്തുന്നതിനായി കെ.പി.മാസ്റ്റര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍ പഞ്ചായത്തിലുണ്ട്. ചുങ്കത്തറ ടാക്സി സ്റ്റാന്റിന് സമീപത്താണ് ഈ പഞ്ചായത്തിലെ വൈദ്യുതി ബോര്‍ഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ചുങ്കത്തറയിലുള്ള പോസ്റ്റ് ഓഫീസ്, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവയാണ് ഈ പഞ്ചായത്തിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍. മുട്ടിക്കടവ് ജില്ലാകൃഷി ഫാം, കുറുമ്പലങ്ങോട് വില്ലേജ് ഓഫീസ്, ചുങ്കത്തറയിലുള്ള കൃഷിഭവന്‍, വില്ലേജ് ഓഫീസ്, കെ.എസ്..ബി എന്നിവ ഈ പഞ്ചായത്തിലെ പ്രധാന ഓഫീസുകളാണ്. ചുങ്കത്തറയിലുള്ള അനു മൂവീസ്, കൊശമറ്റം ഫിനാന്‍സ്, മണപ്പുറം ഗോള്‍ഡ് ലോണ്‍ എന്നിവ ഈ പഞ്ചായത്തിലെ പ്രധാന ധനകാര്യസ്ഥാപനങ്ങളാണ്. ഈ പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് നിലമ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ വില്ലേജ് ഓഫീസ് ചുങ്കത്തറയിലും കുറുമ്പലങ്ങോടും പ്രവര്‍ത്തിക്കുന്നു. ഒരു തപാല്‍ ഓഫീസും 2 കൊറിയര്‍ സര്‍വ്വീസും ഈ പഞ്ചായത്തിലുണ്ട്.